Monday, June 15, 2015
Thursday, January 1, 2015
Monday, July 14, 2014
Friday, January 27, 2012
അവിരാമം
അപ്പോഴും ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
പ്രണയമെഴുതുവാന്‍ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...
കുഞ്ഞുസന്ദേശങ്ങള്‍ പതിയെ വിറച്ചു തീര്‍ന്നപ്പോഴും
കുടഞ്ഞെറിഞ്ഞ മഷിത്തുള്ളി നെഞ്ചില്‍ത്തെറിച്ചപ്പോഴും
നമ്മുക്കിടയില്‍ മൌനങ്ങള്‍ മരവിപ്പിന്‍ മതിലുയര്‍ത്തിയപ്പോഴും
ഒടുവില്‍ക്കണ്ടതും വെറും സ്വപ്നമാണെന്നറിഞ്ഞപ്പോഴും
പിഴച്ചു പെറ്റ മോഹത്തിന് ഗര്‍ഭചിദ്രം നടത്തിയപ്പോഴും
കിളിതിന്ന കരള്‍പ്പൂവ് നിനക്കായ് കളയാനെടുത്തപ്പോഴും
സിരകളെഴുതിയ ചോരച്ചുവപ്പ് മഞ്ചാടിമണികള്‍ കവര്‍ന്നപ്പോഴും
കണ്‍വെളിച്ചത്തിന്‍ അവസാനതുള്ളി മിന്നാമിനുങ്ങണിഞ്ഞപ്പോഴും
എന്റെ ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
പ്രണയമെഴുതുവാന്‍ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...
Monday, January 23, 2012
Wednesday, August 31, 2011
ഓണമെത്തുന്നത് ....
ഓണമൊക്കെയെവിടെവരെയെത്തീ .....?
സുഹൃത്തിന്റെ ചോദ്യം ....!
പാണ്ടിലോറിയില്‍ പൂക്കളോടൊപ്പം വാളയാര്‍ വരെ ...
കുറച്ചോണം മൈസൂരില്‍ നിന്നും പച്ചക്കറിവണ്ടിയില്‍ പുറപ്പെടാന്‍ നില്‍ക്കുന്നു..!
മറുപടിക്ക് ശേഷമുള്ള ചിരിയുടെ ചെറിയ ഇടവേളയില്‍
പ്രവാസിയുടെ പരിമിതികള്‍ ഉയര്‍ത്തിയ ഒരു ചെറിയ നെടുവീര്‍പ്പാണ്
എന്നെ ഓര്‍മ്മിപ്പിച്ചത്;
സത്യത്തില്‍ ഓണം എന്നിലെക്കല്ലല്ലോ
ഞാന്‍ ഓണത്തിലേക്കല്ലേ എത്താത്തതെന്ന് ..!!!
പ്രവാസി നാട്ടില്‍ മാവേലിയാണ്...
മാവേലിയാകട്ടെ നാട്ടില്‍ ഒരു പ്രവാസിയും...!!!
Thursday, August 18, 2011
കള്ളം
എന്റെ ചിത്രത്തിലെ പൂര്‍ത്തിയാവാത്ത ഭാഗങ്ങള്‍
നിന്റെ ചുണ്ടിലെ ചായം തേടിയാണലഞ്ഞത് ...
സുഗന്ധം തേടിയുള്ള യാത്രകളെല്ലാം
നിന്റെ നിശ്വാസങ്ങളിലാണ് അവസാനിച്ചത് ...
എന്നില്‍ കള്ളമുണ്ടെന്ന പേരില്‍ ചുണ്ടുകൊരുത്തൊരു ചുംബനം
നിഷേധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത്
സ്നേഹം ഒരു കള്ളമാണെന്ന് ..
കളിക്കൂട്ടുകാരന്റെ നിഷ്ക്കളങ്കതയില്‍
തിരിച്ചെടുക്കാനാവാത്തവിധം കലര്‍ന്നുപോയ
കാമുകന്റെ കള്ളത്തോടെ ഞാന്‍ പറയട്ടെ ;
ഒരു കണ്ണുനീര്‍ത്തുള്ളികൊണ്ട് നീ തീര്‍ക്കുന്ന മഴക്കാലത്തേക്കാള്‍
ഒരു ചിരിയിതള്‍കൊണ്ട് നീ തീര്‍ക്കുന്ന പൂക്കാലമാണെനിക്കിഷ്ടം...
നിലാവുണരാറുള്ള വഴിയിലെവിടെയോ
നിനക്കൊരു സമ്മാനപ്പൊതി ഞാനൊളിപ്പിച്ചിട്ടുണ്ട്...
രാപ്പാടിയുടെ പാട്ട് നിലയ്ക്കുമ്പോള്‍
ഉറക്കമില്ലാത്ത പൂക്കളോട് ചോദിച്ച് നീയതെടുത്തുകൊള്‍ക...!!!
Subscribe to:
Posts (Atom)