Sunday, May 8, 2011

ഒരു കോര്‍പ്പറേറ്റ് ദു:ഖം

                                                         
                                                                      ഇപ്പോഴും ഈ മഹാനഗരത്തിന്റെ മരണവേഗതക്കൊപ്പമെത്തിയിട്ടില്ലെന്നോര്‍മ്മിപ്പിച്ചുകൊണ്ട് ആ ട്രെയിന്‍ കണ്‍മുന്നിലൂടെ പുച്ഛഭാവത്തില്‍ അതിവേഗം കടന്നുപോയി .അകലങ്ങളിലേക്ക് അടുക്കുന്ന പാളത്തിലൂടെ ഏതോ അത്യാവശ്യത്തിനു പോകുന്ന, ഇനിയും യുവത്വം വിടാന്‍ മനസ്സ് വന്നിട്ടില്ലാത്ത വയസ്സന്‍ ട്രെയിനിനെ നല്ലനാളുകളുടെ നഷ്ടസ്മൃതികളോടെ കുറച്ചുനേരം നോക്കി നിന്നതിനു ശേഷം അടുത്ത ട്രെയിന്‍ വരുന്നില്ലെന്ന് ഇരുപുറവും നോക്കിയുറപ്പുവരുത്തി അപ്പുറത്തേക്ക് കടന്നു . മനസ്സിനു ചേരാത്ത കഴുത്തിന്റെ കുടുക്കിട്ട മുഴുക്കയ്യന്‍ ഷര്‍ട്ടും എക്സിക്യുട്ടീവ് പാന്റ്സും പോളിഷ്ഡ് ഷൂസും ശരീരത്തില്‍ ചേര്‍ത്ത് ആത്മസുഹൃത്ത് സമ്മാനിച്ച വിദേശ സുഗന്ധവും പൂശിയിട്ടുണ്ട് ഇന്നും . മുന്നോട്ടുള്ള തീര്‍ത്തും യാന്ത്രികമായ ചുവടുവെയ്പ്പുകള്‍ ഓഫീസിലേക്കുള്ള ദൂരത്തിന്റെ പാതിയിലാണ് .ഈ പ്രവൃത്തിദിനവും ആരംഭിക്കുമ്പോള്‍ ചിന്തകള്‍ ശൂന്യതയ്ക്ക് ഇടം കൊടുത്ത് മനസ്സിന്റെ ഒരു മൂലയില്‍പ്പോയിഇരിപ്പുറപ്പിച്ചു കഴിഞ്ഞു.
                                   ഏതൊക്കെയോ കോണ്‍ട്രാക്റ്റ്കളില്‍  വെച്ച ഒപ്പുകളിലൂടെ ആര്‍ക്കൊക്കെയോ ഞാന്‍ എന്നെത്തന്നെ പങ്കുവെച്ചു നല്‍കിയിരിക്കുകയാണിവിടെ. മനസ്സിലെ ചിന്തകള്‍ക്ക് അലോസരപ്പെടുത്തുന്ന വിധം പങ്കുവെയ്ക്കപ്പെട്ടുപോയ അപൂര്‍ണ്ണത.എവിടെയും കൊണ്ടുചെന്നെത്തിക്കാനാവാതെ ശൂന്യതയിലേക്ക് പിടിവിട്ടകലുകയോ അല്ലെങ്കില്‍ കെട്ടുകള്‍ക്കു മീതെ കെട്ടുകള്‍ വീണു കൂടിക്കലര്‍ന്ന് അതിസങ്കീര്‍ണ്ണമായ അവ്യക്തതയിലേക്കെത്തുകയോ ചെയ്യുമ്പോള്‍ സ്വന്തം ചിന്തകള്‍ പോലുമിപ്പോള്‍ എന്നെ കളിയാക്കുകയാണോ എന്നു തോന്നിപ്പോവുന്നു.ഒരു മൂളിപ്പാട്ടിനുപോലും ചുണ്ടിലേക്കെത്താന്‍ ആക്സെസ്സ് വേണമോ എന്നു സംശയിച്ചു പോകുന്നു.
                                ഇവിടെ ജീവിതം നിശ്ചലമാണെന്നു  പറയാന്‍ വയ്യ..! കറങ്ങുന്ന ഈ കസേരയില്‍ ഒന്ന് വട്ടം തിരിയാമിവിടെ. സോഫ്റ്റ്‌വേയറുകളോടും     കമ്പ്യൂട്ടറിനോടും   മല്ലടിച്ച്   ചുറ്റുമുള്ളവരെയും     തന്നെത്തന്നെയും  മറന്ന കുറെ തളര്‍ന്ന മുഖങ്ങള്‍ ഒരു നോട്ടം കണ്ട് ചെറിയൊരു പരിഹാസ നിശ്വാസമുതിര്‍ക്കാം. കാന്റീനില്‍ ചെന്ന് മുന്‍പ് കഴിച്ചു പരിചയിച്ചിട്ടില്ലാതിരുന്ന ബ്രേക്ഫാസ്റ്റ് വിഭവങ്ങള്‍ വാങ്ങി കുറേ ചൈനീസ്‌ മുഖങ്ങളുടെയും തമാശകള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പങ്കുവെച്ചുചിരിക്കുന്ന ഹിന്ദിക്കൂട്ടങ്ങളുടെയും ഇടയിലിരുന്ന് കപ്പപ്പുഴുക്കും മീന്‍കറിയും ഗൃഹാതുരതയുടെ വാഴയിലയില്‍ വിളമ്പി വെച്ചതോര്‍ത്തു കഴിക്കാം.ജനിച്ചു വളര്‍ന്ന വീടിനെക്കാളും വൃത്തിയുള്ള തിളങ്ങുന്ന നിലമുള്ള മൂത്രപ്പുരയില്‍ ശരീരത്തില്‍ നിന്നെങ്കിലും ഇങ്ങനെ ചില ഭാരങ്ങള്‍ ഒഴിയുന്നുണ്ടല്ലോ എന്നോര്‍ത്താശ്വസിക്കാം . പാന്‍ട്രിയിലെ കോഫിഡേ യന്ത്രത്തിന്റെ തിരുമുന്നില്‍ ക്യൂ നിന്ന് ലാറ്റെ,എക്സ്പ്രെസോ,കപ്പുച്ചിനോ മുതലായ വഴിപാട്‌ പേരുകള്‍ ദൈവത്തെക്കാള്‍ വലിയവനാണ്‌ പൂജാരിയെന്ന മുഖഭാവവുമായി കാപ്പിയെടുത്തു തരാന്‍ നില്‍ക്കുന്ന  മറാഠിച്ചേട്ടനോട് ഉണര്‍ത്തിച്ച്  അയാള്‍ക്ക് ഓരോ  ഇളിഞ്ഞ ചിരിയും ചതഞ്ഞ നോട്ടവും ദക്ഷിണയായി നല്‍കി കാപ്പിദൈവങ്ങളുടെ പ്രസാദം ഏറ്റു വാങ്ങാം . അതെ..! ഇരിക്കുന്ന കസേരയുടെ ചലനം പോലെ ജീവിതം ഒരേ ബിന്ദുവില്‍ നിന്നു കറങ്ങുകയാണ്. 
                                  കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ചതുരക്കളങ്ങളില്‍ നിരത്തിയ അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമിടയില്‍ വിരലുകള്‍ ജീവിതം തിരയുമ്പോള്‍ തലമുറകള്‍ മാറുമ്പോള്‍ ജീവിതത്തിനു സംഭവിക്കുന്നത് ഒരു വേഷപ്പകര്‍ച്ച മാത്രമാണെന്ന സത്യം അനുഭവിച്ചറിയുകയാണ്  . അച്ഛന്‍ വേദന സഹിച്ചെങ്കില്‍  ഞാന്‍ വിരസത സഹിക്കുന്നു എന്ന വ്യത്യാസം മാത്രം. ബഹുരാഷ്ട്ര കുത്തക കമ്പനി ചാര്‍ത്തിയ താലിയുമായി കോര്‍പ്പറേറ്റ് പിന്നാമ്പുറങ്ങളില്‍ എന്തും സഹിക്കുന്ന ഈ പഴയ നാടന്‍ ഭാര്യാവേഷത്തോട്‌ ആണായിപ്പിറന്നിട്ടുകൂടി ഞാനേറെ പൊരുത്തപ്പെട്ടുപോയിരിക്കുന്നു.എതിര്‍പ്പുകള്‍ നെടുവീര്‍പ്പുകളിലൊതുക്കാന്‍ ശീലിച്ചിരിക്കുന്നു. ഫൈന്‍ ആര്‍ട്സ് വേദികളില്‍ പരിപാടികള്‍ നിറയ്ക്കാനും, മത്സരങ്ങള്‍ക്ക് കമ്മെന്ററി പറയാനും, ക്യാമ്പുകളില്‍ പങ്കെടുക്കാനും,പ്രതിഫലമൊന്നുമില്ലാതിരുന്നിട്ടും അവസാന വര്‍ഷംകിട്ടിയത് അവഗണനയായിട്ടുകൂടി സംഘടനാ പോസ്റ്ററുകള്‍ എഴുതാനും വരയ്ക്കാനും കാണിച്ച ആത്മാര്‍ത്ഥതയുടെ പകുതി പോലും ഇവിടെ കാണിക്കാനാവുന്നില്ല  എന്നുള്ളത് നിസ്സഹായതയോടെ തിരിച്ചറിയുന്നുണ്ടിവിടെ.
                                            ഇന്നത്തെ പതിവു സമയം തീരുമ്പോള്‍ ഇനിയുള്ളത് ടാഗില്‍ തൂങ്ങുന്ന മഗ്നെറ്റിക് താലി സെക്യൂരിറ്റി യന്ത്രത്തിന് ചുംബിക്കാന്‍ നീട്ടിക്കൊടുത്ത്‌ വന്നതുപോലെത്തന്നെ തിരിച്ചു പോകുവാനും അനുമതി വാങ്ങലാണ് . ഒറ്റത്തവണത്തേക്ക്   മാത്രം എന്ന ധാര്‍ഷ്ട്യത്തോടെ തുറക്കുന്ന വാതിലിലൂടെ ഉറക്കം വരാത്ത രാത്രിയിലേക്ക് ഇനി ഇറങ്ങി നടക്കട്ടെ. തനിയാവര്‍ത്തനങ്ങള്‍ കൊണ്ട് തടവറ തീര്‍ക്കാനിരിക്കുന്ന വരും ദിവസങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളെ മന:പ്പൂര്‍വ്വം  മാറ്റിവെച്ച് സഹമുറിയന്മാരായ സുഹൃത്തുക്കള്‍ പാചക പരീക്ഷണങ്ങള്‍ നടത്തി വെച്ചിട്ടുണ്ടാകാവുന്ന അത്താഴത്തിലേക്ക് ചിന്തയെ കൊളുത്തിയിട്ട് ...നേര്‍ത്ത മഞ്ഞിലൂടെ...അങ്ങനെ...