Friday, January 27, 2012

അവിരാമം


അപ്പോഴും ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
പ്രണയമെഴുതുവാന്‍  വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...

കുഞ്ഞുസന്ദേശങ്ങള്‍ പതിയെ വിറച്ചു തീര്‍ന്നപ്പോഴും
കുടഞ്ഞെറിഞ്ഞ മഷിത്തുള്ളി നെഞ്ചില്‍ത്തെറിച്ചപ്പോഴും
നമ്മുക്കിടയില്‍ മൌനങ്ങള്‍ മരവിപ്പിന്‍ മതിലുയര്‍ത്തിയപ്പോഴും 
ഒടുവില്‍ക്കണ്ടതും വെറും സ്വപ്നമാണെന്നറിഞ്ഞപ്പോഴും
പിഴച്ചു പെറ്റ മോഹത്തിന് ഗര്‍ഭചിദ്രം നടത്തിയപ്പോഴും 
കിളിതിന്ന കരള്‍പ്പൂവ് നിനക്കായ്‌  കളയാനെടുത്തപ്പോഴും 
സിരകളെഴുതിയ ചോരച്ചുവപ്പ് മഞ്ചാടിമണികള്‍ കവര്‍ന്നപ്പോഴും
കണ്‍വെളിച്ചത്തിന്‍ അവസാനതുള്ളി മിന്നാമിനുങ്ങണിഞ്ഞപ്പോഴും

എന്റെ ഹൃദയത്തിന് വിശക്കുന്നുണ്ടായിരുന്നു ...
പ്രണയമെഴുതുവാന്‍  വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു ...


Monday, January 23, 2012

പെരുമഴക്കവിത


മേഘങ്ങളായ് ഒഴുകി നടന്നതത്രയും വാക്കുകള്‍...
ഒരു പ്രണയക്കാറ്റെറ്റു തണുക്കേണ്ട താമസം 
തിമിര്‍ത്തു പെയ്തു തോര്‍ന്നത് ഒരു പെരുംകവിത ...
വാക്കുകളില്ലാതെ തെളിഞ്ഞുപോയ ആകാശം ...
അനവസരത്തില്‍ നനഞ്ഞുപോയ നീരസമായ് നീ ...
ഇനിയൊന്നും പറയാന്‍ ബാക്കിയില്ലാതെ ഞാന്‍ ...