Wednesday, August 31, 2011

ഓണമെത്തുന്നത് ....

ഓണമൊക്കെയെവിടെവരെയെത്തീ .....?
                                              സുഹൃത്തിന്റെ ചോദ്യം ....!
പാണ്ടിലോറിയില്‍ പൂക്കളോടൊപ്പം വാളയാര്‍ വരെ ...
കുറച്ചോണം മൈസൂരില്‍ നിന്നും പച്ചക്കറിവണ്ടിയില്‍ പുറപ്പെടാന്‍ നില്‍ക്കുന്നു..!
മറുപടിക്ക് ശേഷമുള്ള ചിരിയുടെ ചെറിയ ഇടവേളയില്‍ 
പ്രവാസിയുടെ പരിമിതികള്‍ ഉയര്‍ത്തിയ ഒരു ചെറിയ നെടുവീര്‍പ്പാണ് 
എന്നെ ഓര്‍മ്മിപ്പിച്ചത്;
സത്യത്തില്‍ ഓണം എന്നിലെക്കല്ലല്ലോ 
ഞാന്‍ ഓണത്തിലേക്കല്ലേ  എത്താത്തതെന്ന് ..!!!
പ്രവാസി നാട്ടില്‍ മാവേലിയാണ്‌...
മാവേലിയാകട്ടെ  നാട്ടില്‍ ഒരു പ്രവാസിയും...!!!




Thursday, August 18, 2011

കള്ളം


എന്റെ ചിത്രത്തിലെ പൂര്‍ത്തിയാവാത്ത ഭാഗങ്ങള്‍ 
നിന്റെ ചുണ്ടിലെ ചായം തേടിയാണലഞ്ഞത് ...
സുഗന്ധം തേടിയുള്ള യാത്രകളെല്ലാം 
നിന്റെ നിശ്വാസങ്ങളിലാണ് അവസാനിച്ചത് ...
എന്നില്‍ കള്ളമുണ്ടെന്ന  പേരില്‍ ചുണ്ടുകൊരുത്തൊരു ചുംബനം 
നിഷേധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത് 
സ്നേഹം ഒരു കള്ളമാണെന്ന് ..
കളിക്കൂട്ടുകാരന്റെ നിഷ്ക്കളങ്കതയില്‍ 
തിരിച്ചെടുക്കാനാവാത്തവിധം കലര്‍ന്നുപോയ 
കാമുകന്റെ കള്ളത്തോടെ ഞാന്‍ പറയട്ടെ ;
ഒരു കണ്ണുനീര്‍ത്തുള്ളികൊണ്ട് നീ തീര്‍ക്കുന്ന മഴക്കാലത്തേക്കാള്‍ 
ഒരു ചിരിയിതള്‍കൊണ്ട് നീ തീര്‍ക്കുന്ന പൂക്കാലമാണെനിക്കിഷ്ടം...
നിലാവുണരാറുള്ള  വഴിയിലെവിടെയോ 
നിനക്കൊരു സമ്മാനപ്പൊതി ഞാനൊളിപ്പിച്ചിട്ടുണ്ട്...
രാപ്പാടിയുടെ പാട്ട് നിലയ്ക്കുമ്പോള്‍ 
ഉറക്കമില്ലാത്ത പൂക്കളോട് ചോദിച്ച് നീയതെടുത്തുകൊള്‍ക...!!!

Wednesday, August 3, 2011

കവിത


നിന്റെ തൂലികത്തുമ്പിലൂടെ ജനിച്ചപ്പോള്‍ 
ലോകം കീഴടക്കിയെന്നു വിശ്വസിച്ച 
വിഡ്ഢിയായ കവിതയാണ് ഞാന്‍...
തൃപ്തി വരാതെ നീ ചുളുക്കിയെറിഞ്ഞ 
കടലാസു ശരീരവുമായി 
ഇന്നീ ചവറ്റുകുട്ടയില്‍ ഒരു തീനാളത്തിന്റെ 
ചുബനം കാത്തുകിടക്കുന്നു ...!!!

Tuesday, June 21, 2011

കടന്നലുകള്‍


                                    മനസ്സിന്റെ ഇരുളറയിലെവിടെയോ               
                                  ഓര്‍മ്മക്കടന്നലുകള്‍ കൂടുകൂട്ടിയിരുന്നത് 
                                     ആരോ കല്ലെറിഞ്ഞിളക്കിയിരിക്കുന്നു ...
                                       മൂളിയടുക്കുന്ന മുഖങ്ങളിലെല്ലാം  
                            സുഖത്തിന്റെ വിഷം സൌഹൃക്കൊമ്പിലൊളിപ്പിച്ച
                                             ഇന്നലെകളുടെ വേദന ...
                                    ഇവറ്റകളും ഒരുവട്ടം കുത്തിനോവിച്ച്  
                                     ചത്തുപോവുന്നവയായിരുന്നെങ്കില്‍ !!!!



Sunday, May 8, 2011

ഒരു കോര്‍പ്പറേറ്റ് ദു:ഖം

                                                         
                                                                      ഇപ്പോഴും ഈ മഹാനഗരത്തിന്റെ മരണവേഗതക്കൊപ്പമെത്തിയിട്ടില്ലെന്നോര്‍മ്മിപ്പിച്ചുകൊണ്ട് ആ ട്രെയിന്‍ കണ്‍മുന്നിലൂടെ പുച്ഛഭാവത്തില്‍ അതിവേഗം കടന്നുപോയി .അകലങ്ങളിലേക്ക് അടുക്കുന്ന പാളത്തിലൂടെ ഏതോ അത്യാവശ്യത്തിനു പോകുന്ന, ഇനിയും യുവത്വം വിടാന്‍ മനസ്സ് വന്നിട്ടില്ലാത്ത വയസ്സന്‍ ട്രെയിനിനെ നല്ലനാളുകളുടെ നഷ്ടസ്മൃതികളോടെ കുറച്ചുനേരം നോക്കി നിന്നതിനു ശേഷം അടുത്ത ട്രെയിന്‍ വരുന്നില്ലെന്ന് ഇരുപുറവും നോക്കിയുറപ്പുവരുത്തി അപ്പുറത്തേക്ക് കടന്നു . മനസ്സിനു ചേരാത്ത കഴുത്തിന്റെ കുടുക്കിട്ട മുഴുക്കയ്യന്‍ ഷര്‍ട്ടും എക്സിക്യുട്ടീവ് പാന്റ്സും പോളിഷ്ഡ് ഷൂസും ശരീരത്തില്‍ ചേര്‍ത്ത് ആത്മസുഹൃത്ത് സമ്മാനിച്ച വിദേശ സുഗന്ധവും പൂശിയിട്ടുണ്ട് ഇന്നും . മുന്നോട്ടുള്ള തീര്‍ത്തും യാന്ത്രികമായ ചുവടുവെയ്പ്പുകള്‍ ഓഫീസിലേക്കുള്ള ദൂരത്തിന്റെ പാതിയിലാണ് .ഈ പ്രവൃത്തിദിനവും ആരംഭിക്കുമ്പോള്‍ ചിന്തകള്‍ ശൂന്യതയ്ക്ക് ഇടം കൊടുത്ത് മനസ്സിന്റെ ഒരു മൂലയില്‍പ്പോയിഇരിപ്പുറപ്പിച്ചു കഴിഞ്ഞു.
                                   ഏതൊക്കെയോ കോണ്‍ട്രാക്റ്റ്കളില്‍  വെച്ച ഒപ്പുകളിലൂടെ ആര്‍ക്കൊക്കെയോ ഞാന്‍ എന്നെത്തന്നെ പങ്കുവെച്ചു നല്‍കിയിരിക്കുകയാണിവിടെ. മനസ്സിലെ ചിന്തകള്‍ക്ക് അലോസരപ്പെടുത്തുന്ന വിധം പങ്കുവെയ്ക്കപ്പെട്ടുപോയ അപൂര്‍ണ്ണത.എവിടെയും കൊണ്ടുചെന്നെത്തിക്കാനാവാതെ ശൂന്യതയിലേക്ക് പിടിവിട്ടകലുകയോ അല്ലെങ്കില്‍ കെട്ടുകള്‍ക്കു മീതെ കെട്ടുകള്‍ വീണു കൂടിക്കലര്‍ന്ന് അതിസങ്കീര്‍ണ്ണമായ അവ്യക്തതയിലേക്കെത്തുകയോ ചെയ്യുമ്പോള്‍ സ്വന്തം ചിന്തകള്‍ പോലുമിപ്പോള്‍ എന്നെ കളിയാക്കുകയാണോ എന്നു തോന്നിപ്പോവുന്നു.ഒരു മൂളിപ്പാട്ടിനുപോലും ചുണ്ടിലേക്കെത്താന്‍ ആക്സെസ്സ് വേണമോ എന്നു സംശയിച്ചു പോകുന്നു.
                                ഇവിടെ ജീവിതം നിശ്ചലമാണെന്നു  പറയാന്‍ വയ്യ..! കറങ്ങുന്ന ഈ കസേരയില്‍ ഒന്ന് വട്ടം തിരിയാമിവിടെ. സോഫ്റ്റ്‌വേയറുകളോടും     കമ്പ്യൂട്ടറിനോടും   മല്ലടിച്ച്   ചുറ്റുമുള്ളവരെയും     തന്നെത്തന്നെയും  മറന്ന കുറെ തളര്‍ന്ന മുഖങ്ങള്‍ ഒരു നോട്ടം കണ്ട് ചെറിയൊരു പരിഹാസ നിശ്വാസമുതിര്‍ക്കാം. കാന്റീനില്‍ ചെന്ന് മുന്‍പ് കഴിച്ചു പരിചയിച്ചിട്ടില്ലാതിരുന്ന ബ്രേക്ഫാസ്റ്റ് വിഭവങ്ങള്‍ വാങ്ങി കുറേ ചൈനീസ്‌ മുഖങ്ങളുടെയും തമാശകള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പങ്കുവെച്ചുചിരിക്കുന്ന ഹിന്ദിക്കൂട്ടങ്ങളുടെയും ഇടയിലിരുന്ന് കപ്പപ്പുഴുക്കും മീന്‍കറിയും ഗൃഹാതുരതയുടെ വാഴയിലയില്‍ വിളമ്പി വെച്ചതോര്‍ത്തു കഴിക്കാം.ജനിച്ചു വളര്‍ന്ന വീടിനെക്കാളും വൃത്തിയുള്ള തിളങ്ങുന്ന നിലമുള്ള മൂത്രപ്പുരയില്‍ ശരീരത്തില്‍ നിന്നെങ്കിലും ഇങ്ങനെ ചില ഭാരങ്ങള്‍ ഒഴിയുന്നുണ്ടല്ലോ എന്നോര്‍ത്താശ്വസിക്കാം . പാന്‍ട്രിയിലെ കോഫിഡേ യന്ത്രത്തിന്റെ തിരുമുന്നില്‍ ക്യൂ നിന്ന് ലാറ്റെ,എക്സ്പ്രെസോ,കപ്പുച്ചിനോ മുതലായ വഴിപാട്‌ പേരുകള്‍ ദൈവത്തെക്കാള്‍ വലിയവനാണ്‌ പൂജാരിയെന്ന മുഖഭാവവുമായി കാപ്പിയെടുത്തു തരാന്‍ നില്‍ക്കുന്ന  മറാഠിച്ചേട്ടനോട് ഉണര്‍ത്തിച്ച്  അയാള്‍ക്ക് ഓരോ  ഇളിഞ്ഞ ചിരിയും ചതഞ്ഞ നോട്ടവും ദക്ഷിണയായി നല്‍കി കാപ്പിദൈവങ്ങളുടെ പ്രസാദം ഏറ്റു വാങ്ങാം . അതെ..! ഇരിക്കുന്ന കസേരയുടെ ചലനം പോലെ ജീവിതം ഒരേ ബിന്ദുവില്‍ നിന്നു കറങ്ങുകയാണ്. 
                                  കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ചതുരക്കളങ്ങളില്‍ നിരത്തിയ അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമിടയില്‍ വിരലുകള്‍ ജീവിതം തിരയുമ്പോള്‍ തലമുറകള്‍ മാറുമ്പോള്‍ ജീവിതത്തിനു സംഭവിക്കുന്നത് ഒരു വേഷപ്പകര്‍ച്ച മാത്രമാണെന്ന സത്യം അനുഭവിച്ചറിയുകയാണ്  . അച്ഛന്‍ വേദന സഹിച്ചെങ്കില്‍  ഞാന്‍ വിരസത സഹിക്കുന്നു എന്ന വ്യത്യാസം മാത്രം. ബഹുരാഷ്ട്ര കുത്തക കമ്പനി ചാര്‍ത്തിയ താലിയുമായി കോര്‍പ്പറേറ്റ് പിന്നാമ്പുറങ്ങളില്‍ എന്തും സഹിക്കുന്ന ഈ പഴയ നാടന്‍ ഭാര്യാവേഷത്തോട്‌ ആണായിപ്പിറന്നിട്ടുകൂടി ഞാനേറെ പൊരുത്തപ്പെട്ടുപോയിരിക്കുന്നു.എതിര്‍പ്പുകള്‍ നെടുവീര്‍പ്പുകളിലൊതുക്കാന്‍ ശീലിച്ചിരിക്കുന്നു. ഫൈന്‍ ആര്‍ട്സ് വേദികളില്‍ പരിപാടികള്‍ നിറയ്ക്കാനും, മത്സരങ്ങള്‍ക്ക് കമ്മെന്ററി പറയാനും, ക്യാമ്പുകളില്‍ പങ്കെടുക്കാനും,പ്രതിഫലമൊന്നുമില്ലാതിരുന്നിട്ടും അവസാന വര്‍ഷംകിട്ടിയത് അവഗണനയായിട്ടുകൂടി സംഘടനാ പോസ്റ്ററുകള്‍ എഴുതാനും വരയ്ക്കാനും കാണിച്ച ആത്മാര്‍ത്ഥതയുടെ പകുതി പോലും ഇവിടെ കാണിക്കാനാവുന്നില്ല  എന്നുള്ളത് നിസ്സഹായതയോടെ തിരിച്ചറിയുന്നുണ്ടിവിടെ.
                                            ഇന്നത്തെ പതിവു സമയം തീരുമ്പോള്‍ ഇനിയുള്ളത് ടാഗില്‍ തൂങ്ങുന്ന മഗ്നെറ്റിക് താലി സെക്യൂരിറ്റി യന്ത്രത്തിന് ചുംബിക്കാന്‍ നീട്ടിക്കൊടുത്ത്‌ വന്നതുപോലെത്തന്നെ തിരിച്ചു പോകുവാനും അനുമതി വാങ്ങലാണ് . ഒറ്റത്തവണത്തേക്ക്   മാത്രം എന്ന ധാര്‍ഷ്ട്യത്തോടെ തുറക്കുന്ന വാതിലിലൂടെ ഉറക്കം വരാത്ത രാത്രിയിലേക്ക് ഇനി ഇറങ്ങി നടക്കട്ടെ. തനിയാവര്‍ത്തനങ്ങള്‍ കൊണ്ട് തടവറ തീര്‍ക്കാനിരിക്കുന്ന വരും ദിവസങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളെ മന:പ്പൂര്‍വ്വം  മാറ്റിവെച്ച് സഹമുറിയന്മാരായ സുഹൃത്തുക്കള്‍ പാചക പരീക്ഷണങ്ങള്‍ നടത്തി വെച്ചിട്ടുണ്ടാകാവുന്ന അത്താഴത്തിലേക്ക് ചിന്തയെ കൊളുത്തിയിട്ട് ...നേര്‍ത്ത മഞ്ഞിലൂടെ...അങ്ങനെ...

Wednesday, April 6, 2011

സന്യാസം



ഘടികാര സൂചിയുടെ ഹൃദയതുടിപ്പുകള്‍ക്കിടയിലൂടെ
ഇറ്റുവീണുകൊണ്ടിരിക്കുന്ന നിമിഷത്തുള്ളികള്‍ ....

പെയ്തൊഴിയാന്‍ കാലമെത്തിയതറിയാതെ കാത്തിരിക്കുന്ന 
കനവുകളുടെ കാര്‍മേഘക്കര്‍ക്കിടകം ....

കൊടും ശൈത്യതിലുറച്ചുപോയ മനസ്സിലെവിടെയോ 
ചുടുചുംബനവുമായിയിപ്പതിക്കുന്ന പ്രതീക്ഷയുടെ പ്രകാശരേണു ....

മുത്തായുയിര്‍കൊള്ളുന്ന മഴത്തുള്ളിയെക്കാത്ത്
അലകളിളകാതെ വ്രതമിരിക്കുന്ന പ്രണയത്തിന്‍റെ കടലാഴം ....

നിന്‍റെ പുഞ്ചിരിക്കിളിയെ അമ്പെയ്തുവീഴ്ത്തി തുടങ്ങാനിരിക്കുന്നത്  
ചിതല്‍പ്പുറ്റുതീര്‍ക്കുന്ന എന്‍റെ യഥാര്‍ത്ഥ സന്യാസം ....         



Tuesday, April 5, 2011

കൊളാഷ്


സ്നേഹം 


                                                 ചോദിച്ചിട്ടും കിട്ടാത്തത് ...
                                                കൊടുത്തിട്ടും വേണ്ടാത്തത്   ..
                                           ആക്രിക്കടയില്‍ തൂക്കിക്കൊടുക്കുന്നവയുടെ 
                                           വിലനിലവാരപ്പട്ടികയില്‍ ഏറ്റവും താഴെ...

സൌഹൃദം 


                                                ജീവിതം നിറഞ്ഞു വരുമ്പോള്‍
                                        ഓര്‍മ്മകളിലൂടെ വാര്‍ന്നുപോകുന്നത് ...
                                                      നമ്മള്‍ ഞാനാകുമ്പോള്‍
                                                നാമറിയാതെ നഷ്ടമാവുന്നത് ...
                                                    നടപ്പവസാനിക്കുമ്പോള്‍
                                        ഞാനെന്ന സത്യത്തില്‍ ആകെയവശേഷിക്കുന്നത് ...


കറ



                                          മരണം വിട്ടു വരുമ്പോള്‍  ഹൃദയത്തിലെ കറ കളയാന്‍
                                          ഡിറ്റര്‍ജെന്റ്റ്‌ തിരഞ്ഞപ്പോളാണറിഞ്ഞത്
                                          ഫലം നല്ലതെങ്കില്‍ കറയും നല്ലതിനെന്ന്..!!!
                                          ഇനി പ്രണയച്ചെളിയില്‍ തുണിയൂരിച്ചാടാം...എന്തേ..?


ആശംസ




                        ഇടയാതെ പോയ കണ്ണുകള്‍ക്കെല്ലാം എന്‍റെ ആശംസകള്‍ ....
                                    ല്ലെങ്കില്‍ ,
                        തന്‍റെ പാതിജീവനെ തിരിച്ചറിഞ്ഞ നിമിഷം മുതല്‍
                ഓര്‍മ്മകള്‍ കഴുകന്‍ നഖങ്ങളുമായി കരള്‍ കൊളുത്തി വലിച്ചേനേ...!!!       

Wednesday, March 16, 2011

വാര്‍ത്തകള്‍ വായിക്കുന്നത്


തലപിളര്‍ന്നു ചോര പടരുന്ന അബോധാവസ്ഥയില്‍
മാനഭംഗപ്പെടേണ്ടി  വന്നത് 
അവളുടെ വിധിയായിരിക്കാം ..!!!      അല്ലേ....!!!
പിന്നീടുള്ള പകലുകളില്‍ ഒരമ്പതുവട്ടം പല ചാനലുകളാല്‍
മാറിമാറി മാനഭംഗപ്പെടേണ്ടി വന്നതോ ?
വാര്‍ത്തകളുടെ രുചിയറിയാന്‍ കൊതിയോടെ കാത്തിരുന്ന,
ജീവിതം വാര്‍ത്തയായിരുന്ന കാലം കടന്നുപോയി....
വാര്‍ത്തയാണിന്നു കുറേപ്പേരുടെ ജീവിതമെങ്കിലും 
വായില്‍ക്കുത്തിക്കേറ്റിത്തരുമ്പോള്‍ ഓക്കാനിക്കുന്നു...
ഒരു മാസമുറ തെറ്റുന്നിടത്ത് ഒരാഴ്ചത്തേക്കുള്ള
ഉത്സവക്കാലത്തിന്‍റെ തുടക്കം ...
അപാരമെന്നത് ഒരു ഐസ്ക്രീം വാങ്ങി നുണഞ്ഞു
മാറിനിന്നുകൊണ്ട്‌ പരിതപിക്കാനുള്ള നമ്മുടെ കഴിവാണ്..
അതീവ ശ്രദ്ധയോടെ ശ്രദ്ധിച്ചു ശ്രദ്ധിച്ച് വേണ്ടതു
ശ്രദ്ധിക്കാതെ പോകുന്നത് സങ്കടവും..
കിതച്ചോടുന്ന തീവണ്ടികളും തലയടിച്ചുടയ്ക്കാനുള്ള കല്ലുകളും 
കുറേ ഭ്രാന്തന്‍ മനസ്സുകളും ഇനിയും ബാക്കി...


Tuesday, February 22, 2011

പ്രണയത്തിന്‍റെ വിപ്ലവം

നിശ്വാസമറിയാത്ത പുല്ലാങ്കുഴലില്‍ സംഗീതം ഉറഞ്ഞുതന്നെ കിടന്നു ..
നിഴലുകള്‍ നിഴലുകളോട് ഏറ്റുമുട്ടി രക്തസാക്ഷികളായി ...
നിന്‍റെ  കണ്ണിലെ അഗ്നിയില്‍
എന്‍റെ ദുര്‍ബ്ബല നോട്ടങ്ങള്‍ ആത്മഹത്യ ചെയ്തു ...
പരിഹാസത്തലപ്പു കൊണ്ട് എന്‍റെ ചിരികള്‍ കീറി മുറിക്കപ്പെട്ടു ...
വിലയേറിയ കുപ്പായങ്ങളുടെ മിന്നിത്തിളക്കങ്ങള്‍ കൊണ്ടാണ്
നീയെന്‍റെ  കാഴ്ചയെടുത്തത് ...
പാരമ്പര്യത്തി ന്‍റെ  ഹുങ്ക് വിളംബരം ചെയ്താണ്  
നീയെന്‍റെ കേള്‍വിയുടച്ചത്..
എന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു നേരത്തെയറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ മൂകനായ്‌ ജനിക്കുമായിരുന്നു ...
എന്‍റെ രൂപം നിന്നെ അസ്വസ്ഥയാക്കുമെന്നറിഞ്ഞിരുന്നെങ്കില്‍
ജനിക്കാതെയുമിരിക്കാമായിരുന്നു ...
ഇനിയെന്തു ചെയ്യാന്‍ എന്ന ആലോചനയിലാണതു വന്നത് ..!!
എന്‍റെ ശബ്ദം നിന്നെ അലോസരപ്പെടുത്താതിരിക്കാന്‍
നിന്‍റെ  കാതുകള്‍ ഞാനെന്നേയ്ക്കുമായ് അടച്ചു ..!
എന്നെ  കാണുന്നതു നിന്നെ  അസ്വസ്ഥപ്പെടുത്താതിരിക്കാന്‍ 
നിന്‍റെ കണ്ണുകള്‍ ഞാന്‍ ചൂഴ്‌ന്നെടുത്തു..!
ഇപ്പോള്‍ എനിക്കു നീയും നിനക്കു ഞാനും 
അപകര്‍ഷതയുടെ മൂടുപടങ്ങളില്ലാത്ത രണ്ടു ശരികള്‍ മാത്രമാണ് 
കടലിനു നടുവിലെ ഒറ്റപ്പെട്ട ചെറുവഞ്ചിയില്‍ ,
ഉപാധികളില്ലാത്ത പ്രണയത്താല്‍ 
പരസ്പരം കൂട്ട് നല്‍കാം നമ്മുക്ക് ...
ഒന്നിച്ചാദ്യമായ് ഒരു തുഴ തിരയാം നമ്മുക്ക് ...   

Sunday, February 20, 2011

ജന്മാന്തരം



ഞാന്‍ അമ്പത് വരെയെണ്ണും ... നീയൊളിക്കും ...
എന്നും ഞാന്‍ നിന്നെ കണ്ടുപിടിച്ചാണ് കളി അവസാനിപ്പിക്കാറ്...
ഇന്നെന്തേ ....?
എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ് ...
മോര്‍ച്ചറികള്‍ക്ക് ശവങ്ങളോടും ..!!!
വെള്ളപ്പുതപ്പിന് നിന്‍റെ  മേലൊട്ടിക്കിടക്കുന്നതിന്‍റെ ഇക്കിളി ...
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍   പൊട്ടക്കിണറിന്‍റെ ആഴങ്ങളിലെ
നിശബ്ധത ‍ ശ്വസിച്ചാണ് നീ മരിച്ചതെന്ന് ...
ഹൃദയത്തില്‍ വേറൊരു ഹൃദയം കണ്ടെത്തിയത് പ്ലാസ്റ്റിക്‌ കവറിലാക്കി ഡോക്ടര്‍ എനിക്ക് തിരിച്ചു തന്നു ...
കളിയായ്‌ പറഞ്ഞത് പോലെ  നീ അടുത്ത ജന്മത്തില്‍ ഒരു പട്ടിയായി ജനിക്കുമായിരിക്കും ...
കന്നിമാസം കാക്കുന്ന ഒരു തെരുവുനായായെങ്കിലും ഞാനും ...

Saturday, February 19, 2011

അടയാളങ്ങള്‍


ശരീരമാകെ പൊള്ളിപ്പൊന്തിയ പ്രണയം...
മഹാവ്യാധി വന്നിട്ടില്ലാത്തവരെല്ലാം പേടിയോടെ അറപ്പോടെ അകന്നു തന്നെ...
ഒരുവട്ടം വന്നിട്ടുള്ളവര്‍ തിരിഞ്ഞു നോക്കാനെങ്കിലും കാട്ടിയത് ദയ ..
പൊട്ടിയൊലിക്കുന്ന കുമിളകളുടെ സുഖം പകര്‍ന്നതിന് നിമിഷങ്ങളുടെ കണക്കു പറച്ചില്‍ ...
വിരഹത്തിന്‍റെ  വിരിച്ചിട്ട വേപ്പിലകളില്‍ നഗ്നനായ് ഞാന്‍ ..
ഇനിയെണീക്കയുണ്ടാവില്ലെന്ന്  ചായക്കടയില്‍ ചര്‍ച്ച ...
ചെറുപ്രായത്തിലീഗതിവന്നല്ലോയെന്ന്  അടുക്കലമൂലയില്‍ കുശുകുശുപ്പ്...
പേടിത്തൊണ്ടന്‍മാര്‍ക്ക്  വേഗത്തില്‍ പകരുമെന്ന് അനുഭവ  
സാകഷ്യങ്ങള്‍  ..
എല്ലാത്തിനുമൊടുക്കം കോടീശ്വരനായ രോഗാണു വാഹകനായി എന്‍റെ ഉയിര്‍ത്തെണീല്പ്പ് ...
ഉണങ്ങിത്തുടങ്ങിയ വ്രണങ്ങള്‍ക്ക് മുകളില്‍ ഓര്‍മ്മകളുടെ പൊറ്റ...
ഉരം വന്ന ഹൃദയം കൊണ്ടുരച്ചുതേച്ച്‌ കലക്കിവെച്ച  
തിരിച്ചറിവുകളില്‍ ഒരു കുളി ...
ദേഹമാകെയും മുഖത്തും ഹൃദയത്തിലും ബാക്കിയാവുന്നത് വന്നുപോയ നഷ്ടപ്രണയത്തിന്‍റെ അടയാളങ്ങള്‍ ... 
 
 
(  ഹേ സുഹൃത്തേ... നിങ്ങളിപ്പോഴുമിതും വായിച്ചിവിടെ നില്‍ക്കുകയാണോ?   ദൂരെയകന്നു പോവുക !!!
   പൊള്ളിപ്പൊന്തുന്ന,അറയ്ക്കുന്ന,അകറ്റുന്ന,നഗ്നനാക്കുന്ന,വേദനിപ്പിക്കുന്ന,അടയാളങ്ങള്‍ ബാക്കിയാക്കുന്ന, മരണം പോലുമെത്താവുന്ന  ഈ മഹാവ്യാധി നിങ്ങളിലേക്കു കൂടി പകര്‍ത്താന്‍ എനിക്കാഗ്രഹമില്ലാഞ്ഞാണ്...)     

Saturday, February 12, 2011

പരീക്ഷ




 ഒന്നരപ്പുറത്തില്‍ കവിയാതെ ഉത്തരമെഴുതാനുള്ള ചോദ്യത്തിന്
ഒന്നുമെഴുതാതെ തോറ്റത് എന്‍റെ തെറ്റ് ....

എനിക്ക് നിന്നോടുള്ള പ്രണയത്തിന് ശാസ്ത്രീയ വിശദീകരണമെന്തെന്നുള്ള
ഒറ്റച്ചോദ്യം മാത്രമിട്ടതാണ് നിന്‍റെ തെറ്റ് ...

ഒന്നു നീയറിഞ്ഞില്ലെന്നു തോന്നുന്നു ...
ഈ പരീക്ഷയില്‍ തോറ്റത് ഞാനല്ല ...നമ്മളാണെന്ന് ..!!!



ഭ്രാന്ത്‌


 ഈ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ എന്തിന് അനങ്ങാതിരിക്കണം ?
                                       ...നിങ്ങള്‍ കുതറുക...
ഈ മൂടിവെക്കലുകള്‍ക്കിടയില്‍ എന്തിന് മിണ്ടാതിരിക്കണം ?
                                  ...നിങ്ങള്‍ വിളിച്ചു പറയുക...
ഒളിപ്പോരല്ലാ
ത്തതിനാല്‍ വിളിപ്പേരുകളെല്ലാം   സ്വീകരിക്കുക...
ഒടുവിലെന്നെപ്പോലൊരു  ഭ്രാന്തനായ് അഭിമാനത്തോടെ മരിക്കുക... 

Saturday, February 5, 2011

അന്ത്യക്രിയ


 ഇനിയര്‍ദ്ധപ്രാണനായ്   അവശേഷിപ്പിക്കാതെയെന്‍
പ്രാണനൊടുക്കിയകന്നേ പോക നീ ...
ഒരു വെറും കുഴി തീര്‍ത്തതില്‍ നിന്‍ ദുഖങ്ങള്‍ 
എന്നോടൊപ്പം അടക്കുക ...
പാഴായ പ്രണയം മണ്‍കൂന തീര്‍ത്തതിന്മേല്‍
നിന്‍ വെറുപ്പിന്‍ പൂക്കള്‍ വിതറുക...
ഒന്നു ചെറുതായ് ചിരിക്കുക...
ഇനിയര്‍ദ്ധപ്രണയമായ് അവശേഷിപ്പിക്കാതെയെന്‍
പ്രണയമടക്കിയകന്നേ പോക നീ ...

ഒരു പൈങ്കിളി സ്വപ്നം

മഴവില്ല് വാതില്‍ വെച്ച, ആകാശം പന്തല്‍ തീര്‍ത്ത,
നക്ഷത്രങ്ങള്‍ അലങ്കരിച്ച, വെള്ളപ്പരവതാനി വിരിച്ച  
മണ്ഡപത്തിന്‍റെ നടുവില്‍ നീയും ഞാനും....
സ്വയം കീഴടങ്ങിക്കൊണ്ട് നമ്മള്‍ പരസ്പരം പിടിച്ചടക്കുന്ന നിമിഷങ്ങളില്‍
കറുത്ത മേഘങ്ങള്‍ വെള്ളിവെളിച്ചങ്ങള്‍ക്ക് വഴിമാറും..
കിനാവില്‍ നിറമറിയാപ്പൂക്കള്‍ ഒന്നിച്ചു വിടരും...
ഒരായിരം മയില്‍പ്പീലിക്കണ്ണുകള്‍ ഒരുമിച്ച് 
ആനന്ദാശ്രുക്കള്‍ പൊഴിക്കും ...
കടം വാങ്ങിയ കണ്ണുനീര്‍ത്തുള്ളികളെല്ലാം  തിരികെ ചോദിക്കപ്പെടും ...
പണയം വെച്ച ചിരി പേരറിയാത്തൊരാള്‍ കടം തീര്‍ത്തു 
സമ്മാനമായി കൊണ്ടു വരും ...
നിശ്വാസങ്ങള്‍ പുല്ലാങ്കുഴലില്‍ നിറഞ്ഞൊഴുകി 
ദൂരേക്ക് യാത്ര പോകും ...
ദൈവങ്ങള്‍ പല പേരുകള്‍ ഉപേക്ഷിച്ച് ഒന്നാകും ...
നിമിഷങ്ങള്‍ എണ്ണിയിരുന്നയാള്‍ കണക്കു തെറ്റിയതില്‍ 
നാണിച്ചു തലതാഴ്ത്തും ...
കടന്നു പോയവരുടെ അനേകം ശബ്ദങ്ങള്‍ ഒന്നായിച്ചേര്‍ന്ന് 
സംഗീതമായി മുഴങ്ങും...
ദുഖങ്ങള്‍ വളമിട്ടു വിള കാത്തിരുന്നവര്‍ക്ക് സ്വപ്‌നങ്ങള്‍ 
വയലറ്റ് നിറത്തില്‍ പൂക്കും ...
ഇരുളിനപ്പുറത്തെ നിശബ്ദതയില്‍ നിന്ന് ഇവള്‍ 
നീന്‍റെതു മാത്രമെന്നാരോ വിളിച്ചു പറയും...
ഞാനും നീയും നമ്മളാകുന്നതിനു ഗൂഢാലോചന ചെയ്ത പ്രകൃതി മൃദുവായി മന്ദഹസിക്കും ...
മനസ്സ് മനസ്സിനോടും കരങ്ങള്‍ കരങ്ങളോടും 
അധരങ്ങള്‍ അധരങ്ങളോടും ചേര്‍ക്കപ്പെടും ...
നീ എന്‍റെതാകും ... എന്‍റെ പ്രണയമാകും...